...

Thursday, December 16, 2010



പുതുവര്‍ഷപ്പുലരി


പുതിയ പ്രതീക്ഷകളമായി പുതുവര്‍ഷം പിറവിക്കൊള്ളുന്നു. വര്‍ഷങ്ങള്‍ മിന്നിമറയുന്നത് പതിവു ജീവിതത്തില്‍ അത്ര വലിയ സംഭവമല്ലാതായിരിക്കുന്നു. ആഴ്ചകളും മാസങ്ങളും പിന്നിടുമ്പോള്‍ വര്‍ഷങ്ങളും വന്നെത്തും. അതിലെന്തിരിക്കുന്നു എന്നതാണ് നമ്മുടെ ഭാവം.

വഴിപിരിയുന്ന ഈ വര്‍ഷം താനെന്തെടുക്കുകയായിരുന്നെന്ന ഗൗരവമായ ആലോചന വരും കാല ജീവിതത്തെ അര്‍ത്ഥമാക്കാതിരിക്കില്ല. കഴിഞ്ഞ കാലത്തെ കുറിച്ചോര്‍ത്ത് വിലപിക്കലല്ല വിചാരണ. നഷ്ടങ്ങളും വീഴ്ചകളും വരും കാലങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ളതാവണം അത്. രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പ് വിരിപ്പിലിരുന്ന് പകല്‍ ജീവിതത്തിലൂടെ മനസ്സാഞ്ചാരം നടത്തേണ്ടതാണ്. പുതുവര്‍ഷത്തലേന്ന് വാര്‍ഷിക ജീവിതത്തിന്റെ കണക്കെടുപ്പും നടത്തണം.

ഒഴിവു സമയവും ആരോഗ്യവുമാണ് ജനം അലസമായി ചെലവഴിക്കുന്ന രണ്ടു കാര്യങ്ങള്‍. സമയത്തെ അലസമായി ചെലവഴിച്ചവനെയാണ് ഭൂതകാലം വേട്ടയാടുക. ജീവിതത്തിന്റെ കണക്കെടുപ്പിലും അന്ത്യ നിമിഷങ്ങളിലും മുഖം കുത്തി വീഴുന്നതും അവരായിരിക്കും.ഓരോ ദിനവും പിറന്നു വീഴുമ്പോഴും സത്കര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കുക. സമയം മൂര്‍ച്ചയേറിയ വാളുപോലെയാണ്.

നാലുനാള്‍ നീളമുള്ള ജീവിതം, രണ്ടു ദിനം ആഗ്രഹിച്ചതും ബാക്കി ദിനങ്ങള്‍ കാത്തിരുന്നും പാഴാക്കിയവര്‍ക്കെങ്ങനെ ജീവിതത്തിന്റെ വിലയും നീളവുമറിയും. പിന്നിടുന്ന കാലവും സമയവും സംതൃപ്തമല്ലെന്ന് തോന്നുമ്പോള്‍ നാം ഭൂതത്തെ പഴിക്കുന്നു. സമയത്തെ അസംതൃപ്തമാക്കുന്നതും സംതൃപ്തമാക്കുന്നതും നമ്മുടെ കര്‍മ്മങ്ങളാണ്.അതുകൊണ്ട് നിങ്ങള്‍ കാലത്തെ പഴിക്കരുത്. വര്‍ത്തമാനത്തെ ധന്യമാക്കുന്നവര്‍ക്ക് ഭൂതത്തെ പഴിക്കേണ്ടി വരില്ല. ഭാവിയെ ആവേശത്തോടെ വരവേല്‍ക്കാനുമാവും.

പുതിയ വര്‍ഷം പുതിയ തുടക്കമാവട്ടെ! പുതിയ പിറവി ജീവിതത്തിന് വെളിച്ചമാവട്ടെ !

ഏവര്‍ക്കും പുതുവത്സരാശംസകള്‍ !

Sunday, December 5, 2010

ഓര്‍മകള്‍

ഓര്‍മകളില്‍ സൂക്ഷിക്കപ്പെട്ട ഭൂതകലമാണ് ഒരു വ്യക്തിയെ അയാളാക്കി നിര്‍ത്തുന്നത്.ഓരോ വ്യക്തിക്കും അവന്റെ ഓര്‍മയിലെ ശേഷിപ്പുകള്‍ക്ക് കാരണമായിത്തൂരുന്നത് പലതാവാം. ജീവിതത്തില്‍ ഏറെ സ്വാധീനിച്ച ദു:ഖസാന്ദ്രമോ സന്തോഷദായകമോ ആയ നിമിഷങ്ങളാണ് നമ്മുടെ ഓര്‍മകളില്‍ മറ്റെന്തിനേക്കാളും കൂടുതലായി തങ്ങി നില്‍ക്കുന്നത്.

ഓര്‍മച്ചെപ്പിലെ സന്തോഷത്തിന്റെയും സന്താപത്തിന്റെയും തോതിലുള്ള മാറ്റങ്ങള്‍ക്കനുസരിച്ചാണ് ചിലര്‍ ഏറെ സന്തോഷവാന്മാരും ചിലര്‍ വിഷാദത്തിനടിമപ്പെടുന്നവരുമാകുന്നത്.

ഓര്‍മകളുടെ നിശ്ചിതമായ ഇരിപ്പിടത്തില്‍ കയറിക്കൂടാന്‍ ബാല്യത്തിലെയും കൗമാരയൗവനത്തിലെയുമൊക്കെ ഓര്‍മകള്‍ പരസ്പരം മത്സരിക്കുമ്പോള്‍ ഏത് ഓര്‍മയാണോ ബലഹീനമായത് , നമ്മെ അധികം സ്വാധനിക്കാതെ പോയത് അവയ്ക്ക് ഇരിപ്പുറപ്പിക്കാന്‍ കഴിയാതെ പുറത്തേക്ക് പോകുന്നു. ഇതാണ് " മറവി "

സത്യത്തില്‍ മറവി ദൈവം കനഞ്ഞേകിയ ഒരനുഗ്രഹമാണ്. വേദനിപ്പിക്കുന്ന ഓര്‍മകള്‍ ഇടക്കിടെ നമ്മെ അലോസരപ്പെടുത്തുമ്പോള്‍ അവയൊന്ന് മറക്കാന്‍ കഴിഞ്ഞെങ്കിലെന്ന് നാം കൊതിക്കുന്നു. പക്ഷെ, എല്ലാം വിസ്മൃതിയിലായിപ്പോവുന്ന, ഓര്‍മയുടെ ഇടങ്ങളിള്‍ ശൂന്യമായിപ്പോവുന്ന അവസ്ഥ.... എത്ര ഭയാനകം !

വേദനകള്‍ നിറഞ്ഞ ഭൂതകാല ഓര്‍മകളില്‍ മുഴുകി മനസ്സിനെ അസ്വസ്ഥമാക്കുന്നതിനു പകരം തന്റെ ജീവിതത്തില്‍ ദൈവം നല്‍കിയ സന്തോഷ നിമിഷങ്ങളെയോര്‍ത്ത് സ്തുതി പറയുന്ന മനസ്സ് നിര്‍മ്മിക്കുക. കാലം എത്ര വേഗം കടന്നുപേയി എന്നോര്‍ത്ത് കണ്ണീര്‍ പൊഴിച്ചിട്ടു കാര്യമില്ല. ശോഭനമായ നല്ല നാളുകള്‍ സൃഷ്ടിച്ചെടുക്കുക. ഓര്‍മകള്‍ സ്വയം വിചാരണയ്ക്ക് പ്രേരണ നല്‍കുന്നതാവണം. പോരായ്മകള്‍ നികത്തി, മധുരമായ കര്‍മ്മങ്ങളാല്‍ ജീവിതം ആനന്ദകരമാക്കിത്തീര്‍ക്കുക.

സുന്ദരമായ ഓര്‍മകള്‍ നമ്മില്‍ അവശേഷിക്കാന്‍, ജീവിതത്തില്‍ സുന്ദരമായ ചെയ്തികള്‍ അധികരിപ്പിക്കുക. വേദനകള്‍ നിറഞ്ഞ, ദുഖകരമായ ഓര്‍മകളെ ബലഹീനമാക്കിമാറ്റി പകരം നമ്മെ ആനന്ദിപ്പിച്ച നിമിഷങ്ങള്‍ ബലമുള്ളതാക്കി മാറ്റുക. മറ്റ് ഓര്‍മകളുടെ പ്രഹരത്താല്‍ ക്ഷതമേല്‍ക്കാതെ അവയെ സൂക്ഷിച്ചു നിര്‍ത്തുക. അപ്പോള്‍ നമ്മുടെ ഓര്‍മയുടെ ഇരിപ്പിടം സന്തോഷാനുഭവങ്ങള്‍ക്ക് മാത്രമുള്ളതായിത്തീര്‍ക്കും. ജീവിതം ആനന്ദപൂര്‍ണ്ണമാവും.

Tuesday, November 30, 2010

ഡിസംബര്‍ 3 ലോക വികലാംഗ ദിനം

ഡിസംബര്‍ മൂന്ന് ലോക വികലാംഗ ദിനമായി ആചരിക്കുന്നു. 1992 ഒക്ടോബറിലാണ് ഐക്യരാഷ്ട്ര സഭ ഈ ദിനം വികലാംഗരുടെ ദിനമായി പ്രഖ്യാപിച്ചത്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ വികലാംഗരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനാണ് ഈ ദിനം സമര്‍പ്പിക്കപ്പെര്‍ട്ടിരിക്കുന്നത്.
1982 ഡിസംബര്‍ മൂന്നിനാണ് വികലാംഗര്‍ക്ക് വേണ്ടിയുള്ള ആഗോള പദ്ധതി സംബന്ധിച്ച് ഐക്യരാഷ്ട്ര പൊതു സഭ തീരുമാനമെടുത്തത്. സാമൂഹ്യ ജീവിതത്തില്‍ വികലാംഗരുടെ സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് ഐക്യരാഷ്ട്ര സഭ തീരുമാനമെടുത്തത്തിന് പുറമെ അംഗ രാജ്യങ്ങളും വികലംഗരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.


പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ് വര്‍ഷം പലത് കഴിഞ്ഞിട്ടും വികലാംഗരുടെ പ്രശ്നങ്ങള്‍ പലതും ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്.അന്താരാഷ്ട്ര കാര്യങ്ങളില്‍ വികലാംഗരെ സഹകരിപ്പിക്കുന്നില്ല.മിക്ക രാജ്യങ്ങളിലും അവരെ മുഖ്യധാരാ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.വികലാംഗരുടെ ക്ഷേമത്തിനായി നിയമം പാസാക്കിയ രാജ്യങ്ങളില്‍ പോലും അവരുടെ സഥിതി മെച്ചമല്ല. വിദഗ്ദ്ധമായ ആശയങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള വീഴ്ച മൂലമാണ് ഇത് സംഭവിക്കുന്നത്.ലോകമെമ്പാടുമായി 600 ദശലക്ഷത്തിലധികം വികലാംഗരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ലോക ജനസംഖ്യയുടെ പത്ത് ശതമാനത്തിലധികം വരും.വികലംഗരില്‍ 80 ശതമാനം പേരും വികസ്വര രാജ്യങ്ങളില്‍ ആണ് കഴിയുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.


വികലാംഗത്വം ഒരു സമൂഹ്യ പ്രശ്നമായാണ് കണക്കാക്കപ്പെടുന്നത്.ഇവര്‍ക്കായി ‘ഡിസേബിള്‍ഡ് പീപ്പിള്‍സ് ഇന്‍റെര്‍നാഷണല്‍’ എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.വികലാംഗരുടെ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാണ്. സമൂഹങ്ങളുടെ,സംസ്കാരങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് നോക്കുമ്പോള്‍ മാത്രമേ അതേ കുറിച്ച് കൂടുതല്‍ മനസിലാക്കാനാകൂ.വികലാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ‘ഹാന്‍ഡിക്യാപ് ഇന്‍റെര്‍നാഷണല്‍’ വികലാംഗര്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിലുപരി അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. പ്രാദേശിക,ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഈ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.ലോകമെമ്പാടുമുളള വികലാംഗരുടെ ക്ഷേമത്തിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയുമാണ് സംഘടനയുടെ ലക്‍ഷ്യം.

Monday, November 8, 2010

ബലി പെരുന്നാള്‍ ആശംസകള്‍.


ഉന്നതമായ ഒരാദര്‍ശത്തെ ഹൃദയത്തിലേറ്റിയ ഇബ്രാഹീം നബിയുടെയും സ്വയം സന്നദ്ധതയുടെ മാതൃകാ പുത്രനായി മാറിയ ഇസ്മാഈല്‍ നബിയുടെയും ത്യാഗസ്മരണയാണ് ബലി പെരുന്നാള്‍

ഏകദൈവ വിശ്വാസത്തിനു വേണ്ടി ആത്മാവ് സമര്‍പ്പിച്ചവനായിരുന്നു ഇബ്രാഹീം നബി. വിശ്വാസം എന്നത് ഒരു മൂലയില്‍ ചടഞ്ഞുകൂടി ജപിക്കാനുള്ളതല്ലെന്നും മറിച്ച് ജീവിതത്തില്‍ വഴിവിളക്കായും വീഴ്ചകളിലെ തിരുത്തായും ഉപയോഗിക്കപ്പെടേണ്ടതാണെന്നുമാണ് ആ മഹത്തായ ജീവിതം പഠിപ്പിക്കുന്നത്.

പുതിയ പ്രതീക്ഷകളെയും പുതിയ പുലരികളെയുമാണ് ഈദ് നമ്മുടെ മുമ്പില്‍ വരച്ചു കാട്ടുന്നത്.ഈദ് ഐക്യത്തിന്റെ വേദിയാകുന്നു.പരസ്പരം സ്നേഹവും സൌഹാര്‍ദ്ദവുമാണ് ഈദ് വിളംബരം ചെയ്യുന്നത്.

നോവുന്ന ഹൃദയത്തെ സമാശ്വസിപ്പിക്കാനും കരയുന്നവന്റെ കണ്ണീരൊപ്പുവാനും കഴിയാത്തവനു വിശ്വാസിയാകുവാന്‍ കഴിയുകയില്ല.കരഞ്ഞു കലങ്ങിയ കണ്ണീരുമയി ഈദ് ദിനം കൊണ്ടാടുന്ന ചിലരെങ്കിലും നമ്മോടൊപ്പം ഇന്നുമുണ്ട്. ഒരിറ്റ് കുടിനീരിനായ് കൂടുവിട്ടിറങ്ങിയവരും, ഒരു ചാണ്‍ വയറിനായ് ചേറു പുരണ്ട് നടക്കുന്നവരുമുണ്ട്. ഈദ് സുദിനത്തില്‍ പ്രിയതമനില്ലാതത്തതിന്റെ പേരില്‍ വ്യസനിക്കുന്നവര്‍, നൊന്തു പ്രസവിച്ച മകനോടൊപ്പം ഈദ് നെയ്ച്ചോര്‍ കഴിക്കാന്‍ ഭാഗ്യമില്ലാതെ പോയ ഉമ്മമാര്‍, ഉറ്റ ചങ്ങാതിയുടെ വേര്‍പാടില്‍ ദുഖിക്കേണ്ടി വന്ന ഒത്തിരി പേര്‍, അധിനിവേശങ്ങളുടെ ഇരകളായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വേദന തിന്ന് കഴിയുന്നവര്‍, നാളെയെക്കുറിച്ച് പ്രതീക്ഷകളില്ലാതെ നഷ്ട സ്വപ്നങ്ങളുമായി ജീവിതം തള്ളിനീക്കുന്നവര്‍, നാം ഇനിയും കണ്ടിട്ടില്ലാത്ത ദൈന്യതയുടെ വിളര്‍ത്ത മുഖങ്ങള്‍ ഈ സുദിനത്തില്‍ നമ്മോടൊപ്പമുണ്ടെന്ന് ഓര്‍ക്കുക നാം.

ഇബ്രാഹീം നബിയുടെ ജീവിതം വീണ്ടും അനുസ്മരിക്കുന്ന ഈ ബലിപെരുന്നാളില്‍ ഇബ്രാഹീമുമാരായി തീരാനുള്ള ഇച്ഛാശക്തിയാണ് നാം കാണിക്കേണ്ടത്.ദുരാചാരങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടയണി ചേരുക നാം.

അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്....

Monday, October 25, 2010




ഉപ്പയും മകനുമാണിത്.അഡ്വ.മുഹമ്മദലിയും മകന്‍ അന്‍വറും.
ഇതില്‍ നമുക്ക് ഒരുപാട് സന്ദേശങ്ങളുണ്ട്.
ഒരു മകന്റെ സ്നേഹം,മനസ്സിന്റെ ധൈര്യം,അതിലുമൊക്കെയുപരി ദൈവത്തിന്റെ കഴിവ്.

ഇവിടെ രോഗം എന്തുകൊണ്ട് വന്നു?

Sunday, October 17, 2010

തിരക്കു പിടിച്ച
ലോകത്തു നിന്ന്
ഓര്‍മകളുടെ പഴയതാളുകളെ
ഓര്‍ത്തെടുക്കാനും
പഴയ താളുകള്‍
മറിച്ചു നോക്കാനും
ഹൃദയമുള്ള മനുഷ്യര്‍ക്കല്ലാതെ
മറ്റാര്‍ക്കു കഴിയും?
തലച്ചോറല്ല,ഹൃദയമാണ്
മനുഷ്യത്വത്തെ
അടയാളപ്പെടുത്തുന്നത്.
എന്നാലിന്ന്,
നനഞ്ഞ ഹൃദയമുള്ളവര്‍
പടിക്ക് പുറത്താണ്.
കണ്ണില്ലാത്തവര്‍ കാണുന്നു പലതും
മനസ്സിന്റെ ജാലക വാതിലിലൂടെ
കണ്ണുണ്ടായിട്ടും കാണുന്നില്ല.... ചിലര്‍
കറുക്കുന്ന.... ലോകത്തെ....
കണ്ണില്ലാത്തവര്‍ പ്രതിഷ്ഠിക്കുന്നു....മനസ്സില്‍
നിറമാര്‍ന്ന ലോകത്തെ...
അന്ധര്‍തന്‍ നിറങ്ങളെ
പുകപിടിപ്പിക്കുന്നു കണ്ണുള്ളവര്‍-
തന്‍ കൈകള്‍...
നിറമാര്‍ന്ന ലോകം ഇരുളുന്നു...
പക്ഷെ, അന്ധര്‍തന്‍ മനസ്സുകള്‍
പൂവണിയുന്നു.
തന്റെ ഭൂ...മി സുന്ദരമല്ലോ...
കണ്ണുള്ളവര്‍ ജീവിതത്തിനു മുന്‍പില്‍
അന്ധരാവുന്നു...ബധിരരാവുന്നു...അവര്‍
തന്റെ ജീവിതം കണ്ണടച്ചിരുട്ടാക്കുന്നു.

Friday, October 1, 2010

പറയാന്‍ ബാക്കിവെച്ചതെന്തോ...


സുഹൃത്തേ...
ഓര്‍മകളില്‍
ഞാനില്ലാതായി കഴിയുമ്പോള്‍
ഈ വരികള്‍
നിന്നേത്തേടി വരും
നിലാവുറഞ്ഞ
ഇടവഴിയില്‍
ആര്‍ക്കോ വേണ്ടി
കാത്തു വിടര്‍ന്ന
ഒരു പെണ്‍ പൂവിന്റെ
ഹൃദയം
കാറ്റിനോട്
പറഞ്ഞതെന്താവാം..?
പെയ്തു തീര്‍ന്ന
മാനത്ത്
ബാക്കിയായ മേഘം
ഉള്ളിലൊളിപ്പിച്ച
ആര്‍ദ്രതയുടെ
കുളിരെത്രയാവാം..?
വാക്കുകളെറിഞ്ഞ്
നിനവു വറ്റി
ഉറഞ്ഞുറഞ്ഞ്
ശിലയായ നാവ്
പറയാന്‍
ബാക്കിവെച്ചതെന്താവാം...?

Thursday, September 16, 2010

കൊഴിഞ്ഞുപോയ ഇതളുകള്‍...

സ്നേഹംകൊണ്ടും ത്യാഗംകൊണ്ടും മുറിവേല്‍ക്കുന്നര്‍ക്കു നേരെ ദൈവം കൈകൊള്ളുന്ന നിസ്സാഹതയുടെയും നിശബ്ദതയുടെയും അര്‍ത്ഥമെന്താണ് ?ദൈവത്തിന്റെ രഹസ്യങ്ങള്‍ ആര്‍ക്കറിയാം..?

ഒരിക്കലും സഫലമാകില്ലെന്ന് അറിഞ്ഞുകൊണ്ട് സ്നേഹിക്കുക ! ആ സ്നേഹം പോലെ വിശുദ്ധവും ആത്മാര്‍ത്ഥവുമായ സ്നേഹം ഉണ്ടോ ? ഹൃദയത്തില്‍ ഒരു സ്വര്‍ണ്ണവാള്‍ കുത്തിയിറക്കികൊണ്ടു നടക്കുന്നതുപോലെയാണത്.

ജീവിക്കുമ്പോള്‍ എന്നെ ഓര്‍ക്കുമോ..? അവള്‍ ചോദിക്കുന്നു.
ഉം.
ഓര്‍ക്കുമെന്ന് പറഞ്ഞപ്പോള്‍ വിലക്കി,വേണ്ട മറന്നേര് ! ഈ നിമിഷം മുതല്‍ എന്നെകുറിച്ചുള്ള ഓര്‍മ്മ ആ മനസ്സിലുണ്ടാവരുത്.ഇതു പറയുമ്പോള്‍ അവളുടെ കണ്ഠമിടറി.
ഓ, വല്ലാത്ത ഒരു സന്ദര്‍ഭം തന്നെ !

സ്നേഹത്തിന്റെ ഒരു ദിവ്യ ബലി !

അവളുടെ മനസ്സിനകത്ത് സീമയറ്റ ഒരു കടല്‍ ഇളകി മറിയുന്നു. സ്നേഹത്തിന്റെ കടല്‍.അവള്‍ ആ കടലിനെ ശാസിച്ച് ശാന്തമാക്കുന്നു. അത്ഭുതകരമായ നിസ്സംഗതയോടെ !

സ്നേഹത്തിന്റെയും വേദനയുടെയും ഒരു പെരുങ്കടല്‍ ഹൃദയത്തില്‍ ഒളിപ്പിച്ചു കൊണ്ടാണ് അവള്‍ നില്‍ക്കുന്നത്. ഹൃദയത്തിന്റെ വിങ്ങിപ്പൊട്ടല്‍ കടിച്ചമര്‍ത്തികൊണ്ട്. സ്നേഹത്തിന്റെ വേദന അനുഭവിച്ചവര്‍ക്കേ അതു മനസ്സിലാകൂ.

നിങ്ങള്‍ സ്നേഹിച്ചിട്ടുണ്ടോ..?

ഇല്ലെങ്കില്‍ ജീവിതത്തിലെ ദിവ്യമായ ഒരനുഭവം നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു.ഇഷ്ടപ്പെട്ട ഒരാളെ സ്നേഹിക്കുകയും, ആ സ്നേഹം തകര്‍ന്നുപോവുകയും ചെയ്തതിന്റെ വേദനപോലെ സുന്ദരമായ വേദനവേറെ ഇല്ല.

യാദൃച്ഛികമായി കണ്ടുമുട്ടിയ ഒരാളെ സ്നേഹിക്കുമ്പോള്‍, അതെങ്ങനെയായിത്തീരുമെന്ന് ചിന്തിക്കണം.ഇല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും.

" സ്നേഹത്തിന്റെയും മരണത്തിന്റെയും അതിരില്‍, പ്രണയവും മരണവും ഉള്‍ക്കടല്‍ കോര്‍ക്കുമ്പോള്‍ ജീവിതം കൈതലത്തിലുരുന്ന് ഒരു ഹൃദയം പോലെ മിടിക്കും "
------------------ശുഭം-------------------------

Monday, September 6, 2010

വരും തലമുറയ്ക്കായ് പഴമയുടെ ഒരു തിരുശേഷിപ്പ് ...

എന്റെ ഗ്രാമത്തില്‍ നിന്നൊരു ദൃശ്യം.
കഴിയുമോ ഇനി ഇങ്ങനെയൊരു കാഴ്ച വരുന്നാളില്‍ നമുക്ക് കാണുവാന്‍...?













Friday, August 6, 2010

നീ..അറിഞ്ഞുവോ.........?


ഒരു മൌസ് ക്ലിക്കില്‍
കവിത പെയ്യിക്കുമ്പോഴും
ഒരു സ്ക്രാപ്പില്‍
സൌഹൃദം പുണരുമ്പോഴും
ഒരു സെര്‍ച്ചില്‍
അനുഭവലോകം തുറക്കുമ്പോഴും
ഒരു ചാറ്റില്‍
ചിരി കുളിരാകുമ്പോഴും
അവളുടെ ഉള്ളില്‍
ഒരു വരണ്ട പാടം
മഴ കാത്തിരിപ്പുണ്ടെന്ന്
നീ അറിഞ്ഞുവോ....?

Thursday, July 1, 2010

ഓര്‍ക്കുക വല്ലപ്പോഴും

അലിഞ്ഞു പോയ: നിമിഷങ്ങളില്‍ കൊഴിഞ്ഞുതീരുകയാണ്‍ നാം ..........
പിന്നിടുന്ന ഓരോ നിമിഷവും ഒരു മടക്കയാത്രയുടെ കാല്‍ വെയ്പ്പുകളാണ്...
ജീവിത വീഥിയില്‍ ഒരു ചുവടു മുന്നൊട്ടു വച്ചുവെന്നാല്‍ ജീവിതത്തിന്റെ മടക്കയാത്രയില്‍ അത്ര തന്നെ ദൂരം പിന്നിട്ടു എന്നുസാരം ...
നാളയുടെ വഴിയില്‍ ഒരു പക്ഷെ നാം തീര്‍ ത്തും അന്യരായി എന്നു വരാം .. നാം ഒരു ഓര്‍ മ്മ മാത്രമായി തീരും എന്നത് നിത്യ സത്യം .............!
പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളില്‍ നാം തീര്‍ ത്ത സ്നെഹതിന്റെ ഓര്‍ മ്മ മാത്രം ബാക്കിയാവും

Monday, June 14, 2010

പ്രണയം

വിശ്വാസം കണ്ണാടി പോലെയാണ് .ഒരിക്കല് തകര്‍ന്നാല് വീണ്ടും ചേര്‍ത്ത് വെച്ച് മുഖം നോക്കുന്നതില് ഒരര്‍ത്തവുമില്ല . . & . . . ആത്മാര്‍ത്ഥ പ്രണയം ഒരാളോട് മാത്രമേ ഉണ്ടാവൂ... പിന്നീടുള്ള പ്രണയങ്ങളില് എല്ലാം തേടുന്നത് ആ പഴയ ആളിനെ തന്നെ ആണ്..... & .....'കാലം നമ്മളെ പരസ്പരം പരിചയ പെടുത്തി ... അതിലൂടെ നമ്മള് പരസ്പരം അറിഞ്ഞു , മനസിലാക്കി...അടുത്തു.. സുഹൃത്ത്ക്കള് ആയി...സൗഹൃദം പങ്കുവച്ചു....
.
എന്നാല് നാം മനസിലാക്കേണ്ടി ഇരിക്കുന്നു , എത്ര നാള് ...??എത്ര നാള് നമ്മള് ഒരുമിച്ചുണ്ടാകുമെന്ന്...?

പിരിയും ഒരു നാള് , നമ്മള് എല്ലാവരും... പിരിയണം.. !! അത് കാലത്തിന്റെ തീരുമാനം...

ആ വെര്‍പാടിന്റെ ദുഖത്തില് നാം ഓര്‍ക്കും എന്തിന് നാം ഇത്രെയും അടുത്തുവെന്ന്...മനസിലാക്കിയെന്ന്... , പരസ്പരം സ്നേഹിച്ചുവെന്ന്..."""

ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണെന്ന് വിശ്വസിക്കുംബോഴും , ആ വെര്‍പാടിന്റെ സങ്കടം ഓര്‍ത്തുപോകുകയാണ്...

" കഴിയുമോ അന്ന് , നമ്മുക്ക് അത് സഹിക്കാന്..??"

എങ്കിലും നാളെയുടെ ജീവിതത്തില് ഓര്‍ക്കാനും ഓര്‍മിച്ചെടുക്കാനും ഓര്‍മ്മയില് സൂക്ഷിക്കാനും ഇന്ന് നമ്മള് ജീവിക്കുന്നു... സുഹൃത്ത്ക്കളായി... സൗഹൃദ നിമിഷങ്ങളുമായി...

""പിരിയേണ്ടി വരുന്ന സൗഹൃദം ""
!!! ജീവിതത്തിലെ മാറ്റാന് കഴിയാത്ത , എറ്റവും സുന്ദരവും ആത്മാര്‍ത്തവും ആയ മനസിന്റെ വേദന...!!**എന്നോട് യാത്ര ചോദിക്കരുത്.
നീ വരുമെന്ന് കരുതി, ഈ തടവറയില് ഞാന് കാത്തിരിക്കും.
ഒരിക്കല് പോലും നീ എന്നെ ഓര്‍മിക്കുകയില്ലന്ന് എനിക്കറിയാമെങ്കിലും.
എത്ര സ്നേഹിച്ചിട്ടും നീ എന്നെ വിട്ടു പോകുന്നത് എനിക്ക് മനസിലാകുന്നില്ല.

Wednesday, May 19, 2010

ട്രാന്സ്ഫര് ആന്ഡ് പോസ്ടിങ്ങ്സ്

ഇന്നലെ നാം ഒരുമിച്ചു
ഇന്നിതാ നാം പിരിയുന്നു
മനസ്സിന്റെ മോഹങ്ങള്
തീരാതെ അകലുന്നു
കനവുകളേ.....നിനവുകളേ...
ഇനിയും ഇനിയും ഇനിയും നിങ്ങള്‍
കൂട്ടിനു പോരുമോ.....
ഒരു നൂലില്‍ കോര്‍ത്തൊരു പൊന്‍
മുത്തുകളെപ്പോലെ...
മലരുകളായ് പൊഴിയുന്നു
നമ്മുടെ സ്വപ്നങ്ങള്‍...
ചെറുപുഞ്ചിരിയും കൊച്ചു പിണക്കവും
ഒരുമിച്ചൊരുനാളില്‍
എല്ലാം ഓരോ സ്വപ്നക്കനവായ്
മാറുന്നൂ മനസില്‍
എന്തെല്ലാം കാര്യങ്ങള്‍
നമ്മള്‍ തമ്മില്‍ പറയുന്നു
ഇനിയാരോട് ഇനിയെപ്പോള്‍
നമ്മള്‍ തമ്മില്‍ കാണുന്നു
നിലത്തു വീണൊരു കണ്ണാടി
കഷ്ണങ്ങള്‍ പോലെ..
എന്നന്നേക്കും ഹൃദയങ്ങള്‍
തമ്മില്‍ അകലുന്നൂ.....

Wednesday, February 10, 2010

സ്നേഹിക്കുന്നവര്‍ക്കായി.....

സൗഹ്യദം ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍റ്റെ നീരുറവയാണ്.
അത് കൊടുക്കാനും പകരാനും കഴിയുക എന്നത്
ജീവിത സൗഭാഗ്യവും
എല്ലാവരേയും സ്നേഹിക്കുക .. മനസ്സുതുറന്ന് ഇടപഴകുക
സൗഹ്യദത്തിന്‍റ്റെ ഈ തണല്‍ മരത്തില്‍ ഇനിയും ഒട്ടേറെ
ഇലകള്‍ തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ,
" ഹൃദയം മുറിച്ചെടുക്കുന്നവേദനഓരോപിരിഞ്ഞുപോവലുകള്‍ക്കും പറയാനുണ്ടാവും...ക്ലാസ്‌മുറികള്‍, കലാലയമുറ്റം, കാംപസിലേക്കുള്ള നടപ്പാതകള്‍, തണല്‍വിരിച്ചും പൂക്കള്‍ വിതറിയും പുഞ്ചിരിക്കുന്ന വാകമരങ്ങള്‍...ചങ്ങാതിമാര്‍ , പ്രണയിനികള്‍ ,സ്വപ്‌നങ്ങള്‍ പങ്കുവയ്‌ക്കുന്ന വഴിത്താരകളും തണല്‍മരച്ചുവടുകളും.....
ക്ലാസ്‌ മുറികളിലും കാംപസ്‌ മതിലുകളിലും പച്ചിലയിലും ചോക്കിലും കോറിയിടുന്ന പേരുകളും മഹത്‌വാക്യ'ങ്ങളും...
പടിയിറങ്ങിയാലും വരുംതലമുറയ്‌ക്കിടയില്‍ മങ്ങാത്ത ചരിത്രമായി നിലനില്‍ക്കണമെന്ന ഇത്തരം മോഹങ്ങള്‍ എന്നാല്‍ എപ്പോഴൊക്കെയോ മാറ്റങ്ങള്‍ക്ക്‌വിധേയമാവുകയാണ്‌.

കടന്നുപോയ സുദിനങ്ങളുടെ ഓര്‍മകള്‍ നൊമ്പരങ്ങളായി നെഞ്ചില്‍ കൂടുകൂട്ടുമ്പോള്‍ ആശ്വാസം പകരാന്‍ സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന ആഗ്രഹത്തെമാറ്റിനിര്‍ത്താനാവാതെ.......നഷ്ടമായ പ്രണയത്തെകുറിച്ചും സ്വന്തമായ പ്രണയിനിയെ കുറിച്ചും ഓര്‍ക്കാതിരിക്കാന്‍ കഴിയാതെ ഓരോ ദിനങ്ങളും വിടപറയുമ്പോള്‍....ഒരു വട്ടംകൂടിയാ പഴയവിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം.....
നൊസ്റ്റാള്‍ജിയാ അവസാനിക്കാതിരിക്കട്ടെ....
ഞാനറിഞ്ഞ, എന്നെയറിഞ്ഞപ്രിയസുഹൃത്തുക്കളെ...തിരച്ചില്‍ തുടരുകയാണ്‌ ഞാന്‍....സൗഹൃദം മുറിച്ചെറിയാനുള്ളതല്ല..തുടര്‍ച്ചകള്‍ക്കു വേണ്ടിയുള്ള ബന്ധനമാണത്‌. നിങ്ങളുടെ ഓര്‍മകളില്‍ ഞാന്‍ ശേഷിക്കുന്നുവോ? ഉത്തരം പറയേണ്ടതുനിങ്ങളാണ്‌.....ആത്മബന്ധങ്ങളുടെ കഥ പറഞ്ഞുതന്ന ,,,,,,,,,,,,നമ്മുടെ രണ്ട് കണ്ണുകള്‍ ... അവ ഒരുമിച്ച് ഈ ലോകത്തെ കാണുന്നു ... ഒരുമിച്ചു ചലിച്ചു കൊണ്ടേയിരിക്കുന്നു ..... ഒരുമിച്ചു കലഹിക്കുന്നു .... ഒരുമിച്ചു കരയുന്നു ...... ഒരു പക്ഷെ ഒരുമിച്ചു സ്വപ്നം കാണുന്നു ..... എങ്കിലും അവ ഒരിക്കലും തമ്മില്‍ തമ്മില്‍ കാണുന്നതേയില്ല ........അത് പോലയാണ് ചില നല്ല സുഹൃത്തുക്കളും ... നമ്മള്‍ ഒരുമിച്ച് ചിരിക്കുന്നു ഒരുമിച്ച് ചിന്തിക്കുന്നു .... ഒരു പാടു വിശേഷങ്ങള്‍ പങ്കു വെക്കുന്നു ...... എങ്കിലും പരസ്പരം ഒരിക്കലും നേരില്‍ കാണാത്തവര്‍ ...........
എങ്കിലും എനിക്കറിയാം ... " കണ്ടതു മനോഹരം ... കാണാത്തതു അതി മനോഹരം "... എന്നു പറഞ്ഞപോലെ നേരിട്ടു കാണാത്ത കൂട്ടുകാരായിരിക്കും ചിലപ്പോള്‍ ആത്മാവു കൊണ്ടു കൂടുതല്‍ സുന്ദരം ... അതിനാലാവണം നിങ്ങളുടെ സൗഹൃദം ഞാനേറെ ഇഷ്ടപ്പെടുന്നത് ........


നിങ്ങളുടെ എല്ലാം സ്വന്തം,സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്... കൊടുത്താല് കിട്ടും...കിട്ടണം... ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും
...സ്നേഹിക്കുന്നവര്കുവേണ്ടി ..സ്നേഹിക്കപ്പെടുന്നവര്ക് വേണ്ടി.. സ്നേഹം
കൊതികുന്നവര്ക്കു വേണ്ടി ...ഒരു ദിനം.

ഓര്ക്കുക വല്ലപ്പോഴും
നല്ലവരായ സ്നേഹിതരെ...മറക്കാതിരിക്കുക എന്നെയും..
ഓര്മകള് ഓടികളിക്കുവാന് എത്തട്ടേ നമ്മുടെ മുറ്റത്തെ ചക്കര മാവിന് ചുവട്ടില്.
ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ
ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.

നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.അടുത്തത് എന്ത് എന്ന് അറിയാനാവാതെ.ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.

SNEHAPOORVAM.........

Thursday, February 4, 2010

സ്നേഹങ്ങളുടെ ഹരിതഭംഗിയില്‍ ചാരവര്ണ്ണം നിറയുമ്പോള്‍ ആത്മാവിന്റെ നെരിപ്പോടില്‍ നീറുന്ന ഒരു വിറകു കഷ്ണം
കത്തിപ്പടരാതെ പുകഞ്ഞ് പുകഞ്ഞങ്ങനെ... പ്രതീക്ഷകളൊന്നുമില്ലാതെ ഉണങ്ങി ദ്രവിച്ച ഒരു മരം ആളിക്കത്തി തീരാനല്ലാതെ മറ്റെന്താണ് മോഹിക്കാറുള്ളത്

വേരുകളും ഇലകളുമില്ലാത്തവള്ക്ക് കിളിക്കൂടും സ്വപ്നങ്ങളുമില്ലല്ലോ... ഈ മൗനത്തിന്റെ ചൂളയില്‍ വെന്തതും വേവാത്തതുമായ ഇഷ്ടികകള്‍ക്കിടയില്‍ നീറി നീറിയങ്ങനെ.....
നിയോഗങ്ങളുടെ കൊടുങ്കാറ്റിനെ ഞാനെപ്പോഴും പ്രതീക്ഷിക്കുന്നു ഭൂമിയുടെ മാറില്‍ മുഖമമര്‍ത്തി ദീര്‍ഘമായെന്ന നിശ്വസിക്കാമല്ലോ.....!

Wednesday, January 13, 2010

വെറുതേയൊരു മോഹം...

വെറുതെയാണെങ്കിലും
മനസ്സിന്റെ ജാലകം
തുറന്നിടുവാനൊരു മോഹം

ഒരു കൂട്ടം ദേശാടനക്കിളിക-
ളുള്ളില്‍ കൂടുകൂട്ടാനെത്തിയാലോ
പുഴതന്‍ കളകളാരവനാദം
പതിയെ കടന്നുവന്നെങ്കിലോ
മമതന്‍ ചേങ്ങില മുട്ടിക്കൊ-
ണ്ടെന്‍ മാതാവ് ഉറക്കിക്കിടത്തിയാലോ

രാത്രിയില്‍ നിലാവിന്റെ
നീല വെളിച്ചത്തില്‍
ഒരു പറ്റം സ്വപ്നങ്ങള്‍
പറന്നണഞ്ഞാലോ
അറിയാതെയാണെങ്കിലും
കനിവിന്റെ നിറകുടവുമായ്
ദൈവം വാതില്ക്കലണഞ്ഞെങ്കിലോ

തണുത്ത കാറ്റിന്റെ
സീല്‍ക്കാരത്തോടെ
നനവിന്റെ പര്യായമായ
സുഖത്തിന്റെ നാനാര്‍ത്ഥമായ
പഴഞ്ചൊല്ലിലെ മഴനൂലുകള്‍
പെയ്തു നിന്നെങ്കിലോ

വെറുതെയാണെങ്കിലുമീ
ചില്ലുമാടത്തിന്റെ കെടാവിളക്കായ്
മൗനം നിറഞ്ഞെങ്കില്‍....
ജന്മ ദുഖത്തിന്‍ ശാപമകന്നെങ്കില്‍

Monday, January 11, 2010

കൈവിട്ടുകൊണ്ടിരിക്കുന്ന ജീവന്‍...

ഒരു ജന്മം മുഴുവനും കരഞ്ഞുതീര്‍ത്താല്‍ തീരാത്ത സങ്കടവുമായാണ് ഞാനിന്നലെ ഉറങ്ങാന്‍ കിടന്നത്.

ഒരു കുഞ്ഞാറ്റക്കൂടിന്‍ മുളയഴിവാതില്‍ ഇരുള്‍ മഴയിലെ കാറ്റേറ്റടയാന്‍ പോകുന്നു. ഒരു തരി വെട്ടം തേടി പലവഴി അലഞ്ഞു.നിരാശ മാത്രമായിരുന്നു ഫലം. ഉള്ളിന്റെ ഉള്ളില്‍ മൗനം വിതുമ്പി. കോരിച്ചുരത്തും വാത്സല്യമെല്ലാം അലകടല്‍ കോളായിരുന്നു. പാടുന്ന താരാട്ടു പാട്ടിലെല്ലാം ചുടു നെടുവീര്‍പ്പായിരുന്നു.

ആ നിഷ്ക്കളങ്കമായ ഓമനമുഖം അതെന്റെ കണ്ണില്‍ നിന്നും മായാതെ നില്‍ക്കുന്നു.ഏതു നിമിഷവും ഞങ്ങളെ പിരിഞ്ഞു പോകുന്ന തരത്തിലുള്ളതായിരുന്നു. വേദനയോട് മല്ലിട്ടടിക്കുന്ന ആ ഇളം കുരുന്നിനെ നിറഞ്ഞ മിഴിയോടെ നോക്കിനില്‍ക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിഞ്ഞില്ല. ഇനി ആ കുരുന്നിന്റെ ജീവന്‍ ദൈവകാരുണ്യത്തിലാണെന്ന് പറഞ്ഞപ്പോള്‍ ആ മാതാവിന്റെ മനക്കരുത്ത് എന്നെ അത്ഭുതപ്പെടുത്തി. എന്തും നേരിടാനുള്ള ഒരു മനസ് ആര്‍ജ്ജിച്ചെടുത്തു അവര്‍.

ഇത്ര ചെറുപ്പത്തിലേ ഇത്രയും വേദന സഹിക്കാന് എന്തിനീ ഭൂമിയിലേക്ക് അവളെ അയച്ചു. മറക്കാനാവുന്നില്ല ആ ദൃശ്യം. വേദനാ.... എന്നു പറഞ്ഞു കരയുന്ന ആ നാലു വയസ്സുകാരിയുടെ സ്വരം മാത്രമാണ് ഇപ്പോഴും എന്റെ കാതില്‍ അലയടിക്കുന്നത്.

ഇത് വായിക്കുന്നവര്‍ ഒരു നിമിഷമെങ്കിലും ആ കുരുന്നിനു വേണ്ടി പ്രാര്‍ത്ഥിക്കുക. വേദനയില്ലാത്ത ഒരു ദിനമെങ്കിലും പ്രധാനം ചെയ്യാന്‍ ഈശ്വരനോടു പറയുക.എല്ലാവരും കയ്യൊഴിഞ്ഞ വേളയില്‍ ദൈവമല്ലാതെ വേറെയാരും ഇനി ഈ കുരുന്നിന് കൂട്ടില്ല... എന്നോര്‍ക്കുക.
പ്രാര്‍ത്ഥിക്കുക

Thursday, January 7, 2010

സന്ധ്യയുടെ വിരിമാറിലിരുന്ന് തേപ്പുതുടച്ച അന്തിമേഘം ചിന്തിച്ചു - ഞാന്‍, ഞാനാര് ? എവിടെ നിന്ന് എങ്ങോട്ട് ?അവസാനിക്കാത്ത ഈ വേഷങ്ങള്‍ എന്തിന് ?

ജീവിതത്തിന്റെ അഗാതതയില്‍ ഇറങ്ങിത്തപ്പുന്ന തായ്-വേരുകള്‍. കിനാവുകളുടെ അനന്ത സാമ്രാജ്യം.. നിനവിലെ കിനാവിലെ ആ മധുര നിമിഷങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ദിവസങ്ങള്‍ വിരിഞ്ഞു വാടുന്നു.

ഒരു രാത്രി ഞാന്‍ അറിയുന്നു, എല്ലാം എന്റെ വെറും സ്വപ്നങ്ങലാണെന്ന്. ഒന്നും ഒരിക്കലും പൂവണിയാത്ത മോഹങ്ങളാണെന്ന്. എന്തിനായിരുന്നു ഇതെല്ലാം. ഒരിക്കലും നടക്കില്ലാ എന്നറിഞ്ഞിട്ടും... എന്തിനു വേണ്ടി ? അറിയില്ല.എനിക്കറിയില്ല. എങ്കിലും എനിക്കാ സ്വപ്നങ്ങള്‍ നെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴും ഞാനത് നെയ്ത് കൊണ്ടിരിക്കയാണ്. എന്നെങ്കിലും ഒരുനാള്‍ പൂവണിയുന്നതും കാത്ത്.....

Wednesday, January 6, 2010

ഒരു കുഞ്ഞു ജീവിതം

വെയിലും മഴയും പോലെ അനുഭവങ്ങളും നിറം മാറികൊണ്ടേയിരിക്കുന്ന ഓരോരോ വര്‍ഷങ്ങള്‍ അടുക്കിവെച്ചിരിക്കുന്ന കലണ്ടറാണ് ജീവിതം. രുചികരമല്ലാത്ത പലതും വന്നുപോയ്ക്കൊണ്ടിരിക്കുമെങ്കിലും എല്ലാം അനുഭവിക്കാനാണ് വിധിക്കപ്പെട്ടിരിക്കുന്നത്. സന്തോഷത്തേക്കാള്‍ മുഴങ്ങി നില്‍ക്കുന്നത് സങ്കടങ്ങളായിരിക്കും.അല്‍പ നേരത്തേക്കുള്ള ആനന്ദം മാത്രമാണ് സന്തോഷങ്ങള്‍. സങ്കടങ്ങള്‍ പക്ഷെ, മായാത്ത മുറിവായി നീറികൊണ്ടിരിക്കും...

വര്‍ഷങ്ങള്‍ പോയതറിയാതെ...

കാലത്തിന്‍ കണ്ണുനീരില്‍
മാഞ്ഞുപോയതെന്തേ നീ
നിന്നെ തോടി ഞാനലഞ്ഞു
കാലം മായ്ച്ച ബാല്യം പോലെ

വര്‍ഷകാലം തൊട്ടുയെ-‌
ന്നാത്മാവിന്‍ നൊമ്പരത്തെ
വസന്തമോ പിന്നെയും
വന്നുപോയല്ലൊ എന്‍ ജീവിതത്തില്‍

വേനല്‍ക്കാലം വന്നപ്പോ-
ളെല്ലാം ഞാന്‍ കാത്തൊരാ-
മൊട്ടും കൊഴിഞ്ഞു
നീലകണ്ണുകള്‍ കലങ്ങി
കണ്ണുനീരില്‍ ഞാനും ലയിച്ചു

പെയ്തൊഴിഞ്ഞ വാനം പോലെ-
യെന്‍ ജീവനില്‍ വര്‍ഷം പൊലിഞ്ഞു
ദൂരെയാരോ കണ്‍കുളിര്‍ക്കെ
വെണ്‍മേഘത്തിന്‍ കെട്ടഴിച്ചു

പാറി പാറി വന്നതെന്‍
ജീവിതം കൈക്കലാക്കി
നീറി നീറി നെഞ്ചകം പോലും
മൗനരാഗ മന്ത്രമായി

വര്‍ഷങ്ങള്‍ പോയതരിയാതെ
ഞാനുമിന്നും കണ്ണീരൊഴുക്കി
നീണ്ടൊരു കാലത്തിന്‍
സായന്തനത്തിനായ്

ഇന്നുമെന്റെ കണ്ണുനീരില്‍
പൊള്ളുന്നൊരോര്‍മ്മയായ് നീ
വന്നുവോ നീയെന്‍ മുന്നില്‍
കണ്ണീരില്‍ നീയലിഞ്ഞുവോ....

വര്‍ഷങ്ങള്‍ തന്‍ മായാതെ
മങ്ങാതെ ഇന്നും നില-
നിന്നുരുന്നെങ്കില്‍
വെറുതെയെന്‍ മോഹങ്ങളും
തകര്‍ന്നു പോകയില്ലായിരുന്നു

പെയ്തൊഴിഞ്ഞ മഴയുംപോയി
സുഗന്ധമുള്ളൊരാ കാറ്റുംപോയി
നീണ്ടൊരാ യാത്രതന്‍
വശ്യതയില്‍ ഞാനിരുന്നു

ഇന്നു വെറുതെ ഞാന്‍
മോഹിച്ചു ആ വര്‍ഷം
വീണ്ടുമൊരിക്കല്‍ എന്ന-
രികില്‍ വിരുന്നിനെത്തിയിരുന്നെങ്കില്‍..