...

Tuesday, November 30, 2010

ഡിസംബര്‍ 3 ലോക വികലാംഗ ദിനം

ഡിസംബര്‍ മൂന്ന് ലോക വികലാംഗ ദിനമായി ആചരിക്കുന്നു. 1992 ഒക്ടോബറിലാണ് ഐക്യരാഷ്ട്ര സഭ ഈ ദിനം വികലാംഗരുടെ ദിനമായി പ്രഖ്യാപിച്ചത്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ വികലാംഗരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനാണ് ഈ ദിനം സമര്‍പ്പിക്കപ്പെര്‍ട്ടിരിക്കുന്നത്.
1982 ഡിസംബര്‍ മൂന്നിനാണ് വികലാംഗര്‍ക്ക് വേണ്ടിയുള്ള ആഗോള പദ്ധതി സംബന്ധിച്ച് ഐക്യരാഷ്ട്ര പൊതു സഭ തീരുമാനമെടുത്തത്. സാമൂഹ്യ ജീവിതത്തില്‍ വികലാംഗരുടെ സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് ഐക്യരാഷ്ട്ര സഭ തീരുമാനമെടുത്തത്തിന് പുറമെ അംഗ രാജ്യങ്ങളും വികലംഗരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.


പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ് വര്‍ഷം പലത് കഴിഞ്ഞിട്ടും വികലാംഗരുടെ പ്രശ്നങ്ങള്‍ പലതും ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്.അന്താരാഷ്ട്ര കാര്യങ്ങളില്‍ വികലാംഗരെ സഹകരിപ്പിക്കുന്നില്ല.മിക്ക രാജ്യങ്ങളിലും അവരെ മുഖ്യധാരാ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.വികലാംഗരുടെ ക്ഷേമത്തിനായി നിയമം പാസാക്കിയ രാജ്യങ്ങളില്‍ പോലും അവരുടെ സഥിതി മെച്ചമല്ല. വിദഗ്ദ്ധമായ ആശയങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള വീഴ്ച മൂലമാണ് ഇത് സംഭവിക്കുന്നത്.ലോകമെമ്പാടുമായി 600 ദശലക്ഷത്തിലധികം വികലാംഗരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ലോക ജനസംഖ്യയുടെ പത്ത് ശതമാനത്തിലധികം വരും.വികലംഗരില്‍ 80 ശതമാനം പേരും വികസ്വര രാജ്യങ്ങളില്‍ ആണ് കഴിയുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.


വികലാംഗത്വം ഒരു സമൂഹ്യ പ്രശ്നമായാണ് കണക്കാക്കപ്പെടുന്നത്.ഇവര്‍ക്കായി ‘ഡിസേബിള്‍ഡ് പീപ്പിള്‍സ് ഇന്‍റെര്‍നാഷണല്‍’ എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.വികലാംഗരുടെ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാണ്. സമൂഹങ്ങളുടെ,സംസ്കാരങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് നോക്കുമ്പോള്‍ മാത്രമേ അതേ കുറിച്ച് കൂടുതല്‍ മനസിലാക്കാനാകൂ.വികലാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ‘ഹാന്‍ഡിക്യാപ് ഇന്‍റെര്‍നാഷണല്‍’ വികലാംഗര്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിലുപരി അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. പ്രാദേശിക,ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഈ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.ലോകമെമ്പാടുമുളള വികലാംഗരുടെ ക്ഷേമത്തിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയുമാണ് സംഘടനയുടെ ലക്‍ഷ്യം.

No comments: