
ഉന്നതമായ ഒരാദര്‍ശത്തെ ഹൃദയത്തിലേറ്റിയ ഇബ്രാഹീം നബിയുടെയും സ്വയം സന്നദ്ധതയുടെ മാതൃകാ പുത്രനായി മാറിയ ഇസ്മാഈല്‍ നബിയുടെയും ത്യാഗസ്മരണയാണ് ബലി പെരുന്നാള്‍
ഏകദൈവ വിശ്വാസത്തിനു വേണ്ടി ആത്മാവ് സമര്‍പ്പിച്ചവനായിരുന്നു ഇബ്രാഹീം നബി. വിശ്വാസം എന്നത് ഒരു മൂലയില്‍ ചടഞ്ഞുകൂടി ജപിക്കാനുള്ളതല്ലെന്നും മറിച്ച് ജീവിതത്തില്‍ വഴിവിളക്കായും വീഴ്ചകളിലെ തിരുത്തായും ഉപയോഗിക്കപ്പെടേണ്ടതാണെന്നുമാണ് ആ മഹത്തായ ജീവിതം പഠിപ്പിക്കുന്നത്.
പുതിയ പ്രതീക്ഷകളെയും പുതിയ പുലരികളെയുമാണ് ഈദ് നമ്മുടെ മുമ്പില്‍ വരച്ചു കാട്ടുന്നത്.ഈദ് ഐക്യത്തിന്റെ വേദിയാകുന്നു.പരസ്പരം സ്നേഹവും സൌഹാര്‍ദ്ദവുമാണ് ഈദ് വിളംബരം ചെയ്യുന്നത്.
നോവുന്ന ഹൃദയത്തെ സമാശ്വസിപ്പിക്കാനും കരയുന്നവന്റെ കണ്ണീരൊപ്പുവാനും കഴിയാത്തവനു വിശ്വാസിയാകുവാന്‍ കഴിയുകയില്ല.കരഞ്ഞു കലങ്ങിയ കണ്ണീരുമയി ഈദ് ദിനം കൊണ്ടാടുന്ന ചിലരെങ്കിലും നമ്മോടൊപ്പം ഇന്നുമുണ്ട്. ഒരിറ്റ് കുടിനീരിനായ് കൂടുവിട്ടിറങ്ങിയവരും, ഒരു ചാണ്‍ വയറിനായ് ചേറു പുരണ്ട് നടക്കുന്നവരുമുണ്ട്. ഈദ് സുദിനത്തില്‍ പ്രിയതമനില്ലാതത്തതിന്റെ പേരില്‍ വ്യസനിക്കുന്നവര്‍, നൊന്തു പ്രസവിച്ച മകനോടൊപ്പം ഈദ് നെയ്ച്ചോര്‍ കഴിക്കാന്‍ ഭാഗ്യമില്ലാതെ പോയ ഉമ്മമാര്‍, ഉറ്റ ചങ്ങാതിയുടെ വേര്‍പാടില്‍ ദുഖിക്കേണ്ടി വന്ന ഒത്തിരി പേര്‍, അധിനിവേശങ്ങളുടെ ഇരകളായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വേദന തിന്ന് കഴിയുന്നവര്‍, നാളെയെക്കുറിച്ച് പ്രതീക്ഷകളില്ലാതെ നഷ്ട സ്വപ്നങ്ങളുമായി ജീവിതം തള്ളിനീക്കുന്നവര്‍, നാം ഇനിയും കണ്ടിട്ടില്ലാത്ത ദൈന്യതയുടെ വിളര്‍ത്ത മുഖങ്ങള്‍ ഈ സുദിനത്തില്‍ നമ്മോടൊപ്പമുണ്ടെന്ന് ഓര്‍ക്കുക നാം.
ഇബ്രാഹീം നബിയുടെ ജീവിതം വീണ്ടും അനുസ്മരിക്കുന്ന ഈ ബലിപെരുന്നാളില്‍ ഇബ്രാഹീമുമാരായി തീരാനുള്ള ഇച്ഛാശക്തിയാണ് നാം കാണിക്കേണ്ടത്.ദുരാചാരങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടയണി ചേരുക നാം.
അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്....
1 comment:
perunnal aashamsakal.........
Post a Comment