
പുതുവര്‍ഷപ്പുലരി
പുതിയ പ്രതീക്ഷകളമായി പുതുവര്‍ഷം പിറവിക്കൊള്ളുന്നു. വര്‍ഷങ്ങള്‍ മിന്നിമറയുന്നത് പതിവു ജീവിതത്തില്‍ അത്ര വലിയ സംഭവമല്ലാതായിരിക്കുന്നു. ആഴ്ചകളും മാസങ്ങളും പിന്നിടുമ്പോള്‍ വര്‍ഷങ്ങളും വന്നെത്തും. അതിലെന്തിരിക്കുന്നു എന്നതാണ് നമ്മുടെ ഭാവം.
വഴിപിരിയുന്ന ഈ വര്‍ഷം താനെന്തെടുക്കുകയായിരുന്നെന്ന ഗൗരവമായ ആലോചന വരും കാല ജീവിതത്തെ അര്‍ത്ഥമാക്കാതിരിക്കില്ല. കഴിഞ്ഞ കാലത്തെ കുറിച്ചോര്‍ത്ത് വിലപിക്കലല്ല വിചാരണ. നഷ്ടങ്ങളും വീഴ്ചകളും വരും കാലങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ളതാവണം അത്. രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പ് വിരിപ്പിലിരുന്ന് പകല്‍ ജീവിതത്തിലൂടെ മനസ്സാഞ്ചാരം നടത്തേണ്ടതാണ്. പുതുവര്‍ഷത്തലേന്ന് വാര്‍ഷിക ജീവിതത്തിന്റെ കണക്കെടുപ്പും നടത്തണം.
ഒഴിവു സമയവും ആരോഗ്യവുമാണ് ജനം അലസമായി ചെലവഴിക്കുന്ന രണ്ടു കാര്യങ്ങള്‍. സമയത്തെ അലസമായി ചെലവഴിച്ചവനെയാണ് ഭൂതകാലം വേട്ടയാടുക. ജീവിതത്തിന്റെ കണക്കെടുപ്പിലും അന്ത്യ നിമിഷങ്ങളിലും മുഖം കുത്തി വീഴുന്നതും അവരായിരിക്കും.ഓരോ ദിനവും പിറന്നു വീഴുമ്പോഴും സത്കര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കുക. സമയം മൂര്‍ച്ചയേറിയ വാളുപോലെയാണ്.
നാലുനാള്‍ നീളമുള്ള ജീവിതം, രണ്ടു ദിനം ആഗ്രഹിച്ചതും ബാക്കി ദിനങ്ങള്‍ കാത്തിരുന്നും പാഴാക്കിയവര്‍ക്കെങ്ങനെ ജീവിതത്തിന്റെ വിലയും നീളവുമറിയും. പിന്നിടുന്ന കാലവും സമയവും സംതൃപ്തമല്ലെന്ന് തോന്നുമ്പോള്‍ നാം ഭൂതത്തെ പഴിക്കുന്നു. സമയത്തെ അസംതൃപ്തമാക്കുന്നതും സംതൃപ്തമാക്കുന്നതും നമ്മുടെ കര്‍മ്മങ്ങളാണ്.അതുകൊണ്ട് നിങ്ങള്‍ കാലത്തെ പഴിക്കരുത്. വര്‍ത്തമാനത്തെ ധന്യമാക്കുന്നവര്‍ക്ക് ഭൂതത്തെ പഴിക്കേണ്ടി വരില്ല. ഭാവിയെ ആവേശത്തോടെ വരവേല്‍ക്കാനുമാവും.
പുതിയ വര്‍ഷം പുതിയ തുടക്കമാവട്ടെ! പുതിയ പിറവി ജീവിതത്തിന് വെളിച്ചമാവട്ടെ !
ഏവര്‍ക്കും പുതുവത്സരാശംസകള്‍ !
No comments:
Post a Comment