...

Sunday, December 5, 2010

ഓര്‍മകള്‍

ഓര്‍മകളില്‍ സൂക്ഷിക്കപ്പെട്ട ഭൂതകലമാണ് ഒരു വ്യക്തിയെ അയാളാക്കി നിര്‍ത്തുന്നത്.ഓരോ വ്യക്തിക്കും അവന്റെ ഓര്‍മയിലെ ശേഷിപ്പുകള്‍ക്ക് കാരണമായിത്തൂരുന്നത് പലതാവാം. ജീവിതത്തില്‍ ഏറെ സ്വാധീനിച്ച ദു:ഖസാന്ദ്രമോ സന്തോഷദായകമോ ആയ നിമിഷങ്ങളാണ് നമ്മുടെ ഓര്‍മകളില്‍ മറ്റെന്തിനേക്കാളും കൂടുതലായി തങ്ങി നില്‍ക്കുന്നത്.

ഓര്‍മച്ചെപ്പിലെ സന്തോഷത്തിന്റെയും സന്താപത്തിന്റെയും തോതിലുള്ള മാറ്റങ്ങള്‍ക്കനുസരിച്ചാണ് ചിലര്‍ ഏറെ സന്തോഷവാന്മാരും ചിലര്‍ വിഷാദത്തിനടിമപ്പെടുന്നവരുമാകുന്നത്.

ഓര്‍മകളുടെ നിശ്ചിതമായ ഇരിപ്പിടത്തില്‍ കയറിക്കൂടാന്‍ ബാല്യത്തിലെയും കൗമാരയൗവനത്തിലെയുമൊക്കെ ഓര്‍മകള്‍ പരസ്പരം മത്സരിക്കുമ്പോള്‍ ഏത് ഓര്‍മയാണോ ബലഹീനമായത് , നമ്മെ അധികം സ്വാധനിക്കാതെ പോയത് അവയ്ക്ക് ഇരിപ്പുറപ്പിക്കാന്‍ കഴിയാതെ പുറത്തേക്ക് പോകുന്നു. ഇതാണ് " മറവി "

സത്യത്തില്‍ മറവി ദൈവം കനഞ്ഞേകിയ ഒരനുഗ്രഹമാണ്. വേദനിപ്പിക്കുന്ന ഓര്‍മകള്‍ ഇടക്കിടെ നമ്മെ അലോസരപ്പെടുത്തുമ്പോള്‍ അവയൊന്ന് മറക്കാന്‍ കഴിഞ്ഞെങ്കിലെന്ന് നാം കൊതിക്കുന്നു. പക്ഷെ, എല്ലാം വിസ്മൃതിയിലായിപ്പോവുന്ന, ഓര്‍മയുടെ ഇടങ്ങളിള്‍ ശൂന്യമായിപ്പോവുന്ന അവസ്ഥ.... എത്ര ഭയാനകം !

വേദനകള്‍ നിറഞ്ഞ ഭൂതകാല ഓര്‍മകളില്‍ മുഴുകി മനസ്സിനെ അസ്വസ്ഥമാക്കുന്നതിനു പകരം തന്റെ ജീവിതത്തില്‍ ദൈവം നല്‍കിയ സന്തോഷ നിമിഷങ്ങളെയോര്‍ത്ത് സ്തുതി പറയുന്ന മനസ്സ് നിര്‍മ്മിക്കുക. കാലം എത്ര വേഗം കടന്നുപേയി എന്നോര്‍ത്ത് കണ്ണീര്‍ പൊഴിച്ചിട്ടു കാര്യമില്ല. ശോഭനമായ നല്ല നാളുകള്‍ സൃഷ്ടിച്ചെടുക്കുക. ഓര്‍മകള്‍ സ്വയം വിചാരണയ്ക്ക് പ്രേരണ നല്‍കുന്നതാവണം. പോരായ്മകള്‍ നികത്തി, മധുരമായ കര്‍മ്മങ്ങളാല്‍ ജീവിതം ആനന്ദകരമാക്കിത്തീര്‍ക്കുക.

സുന്ദരമായ ഓര്‍മകള്‍ നമ്മില്‍ അവശേഷിക്കാന്‍, ജീവിതത്തില്‍ സുന്ദരമായ ചെയ്തികള്‍ അധികരിപ്പിക്കുക. വേദനകള്‍ നിറഞ്ഞ, ദുഖകരമായ ഓര്‍മകളെ ബലഹീനമാക്കിമാറ്റി പകരം നമ്മെ ആനന്ദിപ്പിച്ച നിമിഷങ്ങള്‍ ബലമുള്ളതാക്കി മാറ്റുക. മറ്റ് ഓര്‍മകളുടെ പ്രഹരത്താല്‍ ക്ഷതമേല്‍ക്കാതെ അവയെ സൂക്ഷിച്ചു നിര്‍ത്തുക. അപ്പോള്‍ നമ്മുടെ ഓര്‍മയുടെ ഇരിപ്പിടം സന്തോഷാനുഭവങ്ങള്‍ക്ക് മാത്രമുള്ളതായിത്തീര്‍ക്കും. ജീവിതം ആനന്ദപൂര്‍ണ്ണമാവും.

No comments: