...

Wednesday, January 13, 2010

വെറുതേയൊരു മോഹം...

വെറുതെയാണെങ്കിലും
മനസ്സിന്റെ ജാലകം
തുറന്നിടുവാനൊരു മോഹം

ഒരു കൂട്ടം ദേശാടനക്കിളിക-
ളുള്ളില്‍ കൂടുകൂട്ടാനെത്തിയാലോ
പുഴതന്‍ കളകളാരവനാദം
പതിയെ കടന്നുവന്നെങ്കിലോ
മമതന്‍ ചേങ്ങില മുട്ടിക്കൊ-
ണ്ടെന്‍ മാതാവ് ഉറക്കിക്കിടത്തിയാലോ

രാത്രിയില്‍ നിലാവിന്റെ
നീല വെളിച്ചത്തില്‍
ഒരു പറ്റം സ്വപ്നങ്ങള്‍
പറന്നണഞ്ഞാലോ
അറിയാതെയാണെങ്കിലും
കനിവിന്റെ നിറകുടവുമായ്
ദൈവം വാതില്ക്കലണഞ്ഞെങ്കിലോ

തണുത്ത കാറ്റിന്റെ
സീല്‍ക്കാരത്തോടെ
നനവിന്റെ പര്യായമായ
സുഖത്തിന്റെ നാനാര്‍ത്ഥമായ
പഴഞ്ചൊല്ലിലെ മഴനൂലുകള്‍
പെയ്തു നിന്നെങ്കിലോ

വെറുതെയാണെങ്കിലുമീ
ചില്ലുമാടത്തിന്റെ കെടാവിളക്കായ്
മൗനം നിറഞ്ഞെങ്കില്‍....
ജന്മ ദുഖത്തിന്‍ ശാപമകന്നെങ്കില്‍

Monday, January 11, 2010

കൈവിട്ടുകൊണ്ടിരിക്കുന്ന ജീവന്‍...

ഒരു ജന്മം മുഴുവനും കരഞ്ഞുതീര്‍ത്താല്‍ തീരാത്ത സങ്കടവുമായാണ് ഞാനിന്നലെ ഉറങ്ങാന്‍ കിടന്നത്.

ഒരു കുഞ്ഞാറ്റക്കൂടിന്‍ മുളയഴിവാതില്‍ ഇരുള്‍ മഴയിലെ കാറ്റേറ്റടയാന്‍ പോകുന്നു. ഒരു തരി വെട്ടം തേടി പലവഴി അലഞ്ഞു.നിരാശ മാത്രമായിരുന്നു ഫലം. ഉള്ളിന്റെ ഉള്ളില്‍ മൗനം വിതുമ്പി. കോരിച്ചുരത്തും വാത്സല്യമെല്ലാം അലകടല്‍ കോളായിരുന്നു. പാടുന്ന താരാട്ടു പാട്ടിലെല്ലാം ചുടു നെടുവീര്‍പ്പായിരുന്നു.

ആ നിഷ്ക്കളങ്കമായ ഓമനമുഖം അതെന്റെ കണ്ണില്‍ നിന്നും മായാതെ നില്‍ക്കുന്നു.ഏതു നിമിഷവും ഞങ്ങളെ പിരിഞ്ഞു പോകുന്ന തരത്തിലുള്ളതായിരുന്നു. വേദനയോട് മല്ലിട്ടടിക്കുന്ന ആ ഇളം കുരുന്നിനെ നിറഞ്ഞ മിഴിയോടെ നോക്കിനില്‍ക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിഞ്ഞില്ല. ഇനി ആ കുരുന്നിന്റെ ജീവന്‍ ദൈവകാരുണ്യത്തിലാണെന്ന് പറഞ്ഞപ്പോള്‍ ആ മാതാവിന്റെ മനക്കരുത്ത് എന്നെ അത്ഭുതപ്പെടുത്തി. എന്തും നേരിടാനുള്ള ഒരു മനസ് ആര്‍ജ്ജിച്ചെടുത്തു അവര്‍.

ഇത്ര ചെറുപ്പത്തിലേ ഇത്രയും വേദന സഹിക്കാന് എന്തിനീ ഭൂമിയിലേക്ക് അവളെ അയച്ചു. മറക്കാനാവുന്നില്ല ആ ദൃശ്യം. വേദനാ.... എന്നു പറഞ്ഞു കരയുന്ന ആ നാലു വയസ്സുകാരിയുടെ സ്വരം മാത്രമാണ് ഇപ്പോഴും എന്റെ കാതില്‍ അലയടിക്കുന്നത്.

ഇത് വായിക്കുന്നവര്‍ ഒരു നിമിഷമെങ്കിലും ആ കുരുന്നിനു വേണ്ടി പ്രാര്‍ത്ഥിക്കുക. വേദനയില്ലാത്ത ഒരു ദിനമെങ്കിലും പ്രധാനം ചെയ്യാന്‍ ഈശ്വരനോടു പറയുക.എല്ലാവരും കയ്യൊഴിഞ്ഞ വേളയില്‍ ദൈവമല്ലാതെ വേറെയാരും ഇനി ഈ കുരുന്നിന് കൂട്ടില്ല... എന്നോര്‍ക്കുക.
പ്രാര്‍ത്ഥിക്കുക

Thursday, January 7, 2010

സന്ധ്യയുടെ വിരിമാറിലിരുന്ന് തേപ്പുതുടച്ച അന്തിമേഘം ചിന്തിച്ചു - ഞാന്‍, ഞാനാര് ? എവിടെ നിന്ന് എങ്ങോട്ട് ?അവസാനിക്കാത്ത ഈ വേഷങ്ങള്‍ എന്തിന് ?

ജീവിതത്തിന്റെ അഗാതതയില്‍ ഇറങ്ങിത്തപ്പുന്ന തായ്-വേരുകള്‍. കിനാവുകളുടെ അനന്ത സാമ്രാജ്യം.. നിനവിലെ കിനാവിലെ ആ മധുര നിമിഷങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ദിവസങ്ങള്‍ വിരിഞ്ഞു വാടുന്നു.

ഒരു രാത്രി ഞാന്‍ അറിയുന്നു, എല്ലാം എന്റെ വെറും സ്വപ്നങ്ങലാണെന്ന്. ഒന്നും ഒരിക്കലും പൂവണിയാത്ത മോഹങ്ങളാണെന്ന്. എന്തിനായിരുന്നു ഇതെല്ലാം. ഒരിക്കലും നടക്കില്ലാ എന്നറിഞ്ഞിട്ടും... എന്തിനു വേണ്ടി ? അറിയില്ല.എനിക്കറിയില്ല. എങ്കിലും എനിക്കാ സ്വപ്നങ്ങള്‍ നെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴും ഞാനത് നെയ്ത് കൊണ്ടിരിക്കയാണ്. എന്നെങ്കിലും ഒരുനാള്‍ പൂവണിയുന്നതും കാത്ത്.....

Wednesday, January 6, 2010

ഒരു കുഞ്ഞു ജീവിതം

വെയിലും മഴയും പോലെ അനുഭവങ്ങളും നിറം മാറികൊണ്ടേയിരിക്കുന്ന ഓരോരോ വര്‍ഷങ്ങള്‍ അടുക്കിവെച്ചിരിക്കുന്ന കലണ്ടറാണ് ജീവിതം. രുചികരമല്ലാത്ത പലതും വന്നുപോയ്ക്കൊണ്ടിരിക്കുമെങ്കിലും എല്ലാം അനുഭവിക്കാനാണ് വിധിക്കപ്പെട്ടിരിക്കുന്നത്. സന്തോഷത്തേക്കാള്‍ മുഴങ്ങി നില്‍ക്കുന്നത് സങ്കടങ്ങളായിരിക്കും.അല്‍പ നേരത്തേക്കുള്ള ആനന്ദം മാത്രമാണ് സന്തോഷങ്ങള്‍. സങ്കടങ്ങള്‍ പക്ഷെ, മായാത്ത മുറിവായി നീറികൊണ്ടിരിക്കും...

വര്‍ഷങ്ങള്‍ പോയതറിയാതെ...

കാലത്തിന്‍ കണ്ണുനീരില്‍
മാഞ്ഞുപോയതെന്തേ നീ
നിന്നെ തോടി ഞാനലഞ്ഞു
കാലം മായ്ച്ച ബാല്യം പോലെ

വര്‍ഷകാലം തൊട്ടുയെ-‌
ന്നാത്മാവിന്‍ നൊമ്പരത്തെ
വസന്തമോ പിന്നെയും
വന്നുപോയല്ലൊ എന്‍ ജീവിതത്തില്‍

വേനല്‍ക്കാലം വന്നപ്പോ-
ളെല്ലാം ഞാന്‍ കാത്തൊരാ-
മൊട്ടും കൊഴിഞ്ഞു
നീലകണ്ണുകള്‍ കലങ്ങി
കണ്ണുനീരില്‍ ഞാനും ലയിച്ചു

പെയ്തൊഴിഞ്ഞ വാനം പോലെ-
യെന്‍ ജീവനില്‍ വര്‍ഷം പൊലിഞ്ഞു
ദൂരെയാരോ കണ്‍കുളിര്‍ക്കെ
വെണ്‍മേഘത്തിന്‍ കെട്ടഴിച്ചു

പാറി പാറി വന്നതെന്‍
ജീവിതം കൈക്കലാക്കി
നീറി നീറി നെഞ്ചകം പോലും
മൗനരാഗ മന്ത്രമായി

വര്‍ഷങ്ങള്‍ പോയതരിയാതെ
ഞാനുമിന്നും കണ്ണീരൊഴുക്കി
നീണ്ടൊരു കാലത്തിന്‍
സായന്തനത്തിനായ്

ഇന്നുമെന്റെ കണ്ണുനീരില്‍
പൊള്ളുന്നൊരോര്‍മ്മയായ് നീ
വന്നുവോ നീയെന്‍ മുന്നില്‍
കണ്ണീരില്‍ നീയലിഞ്ഞുവോ....

വര്‍ഷങ്ങള്‍ തന്‍ മായാതെ
മങ്ങാതെ ഇന്നും നില-
നിന്നുരുന്നെങ്കില്‍
വെറുതെയെന്‍ മോഹങ്ങളും
തകര്‍ന്നു പോകയില്ലായിരുന്നു

പെയ്തൊഴിഞ്ഞ മഴയുംപോയി
സുഗന്ധമുള്ളൊരാ കാറ്റുംപോയി
നീണ്ടൊരാ യാത്രതന്‍
വശ്യതയില്‍ ഞാനിരുന്നു

ഇന്നു വെറുതെ ഞാന്‍
മോഹിച്ചു ആ വര്‍ഷം
വീണ്ടുമൊരിക്കല്‍ എന്ന-
രികില്‍ വിരുന്നിനെത്തിയിരുന്നെങ്കില്‍..